Sudarsan KP

Sudarsan KP

Friday, September 3, 2010

KODIKUTHIMALA












പെരിന്തല്‍മണ്ണയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊടികുത്തിമല സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂര്‍വ സുന്ദര താവളമാണ്. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്

നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മലമുകളില്‍ ശാന്ത സുന്ദരമായൊരു പുല്‍മേട്, നട്ടുച്ചയ്ക്കുപോലും വെയില്‍ച്ചൂടറിയിക്കാത്ത കുളിര്‍ക്കാറ്റ്, നേരം ചായുമ്പോള്‍ പറന്നെത്തുന്ന മൂടല്‍മഞ്ഞ്. സായന്ദനങ്ങള്‍ സ്വച്ഛമായി ആസ്വദിക്കാന്‍ ഇതില്‍പ്പരം നല്ലയിടം ഏതുണ്ട്?

പെരിന്തല്‍മണ്ണയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ താഴേക്കോട് പഞ്ചായത്തിലെ കൊടികുത്തിമല സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ അപൂര്‍വ സുന്ദര താവളമാണ്, അതും നഗരത്തിന് വിളിപ്പാടകലെത്തന്നെ.

സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ മോഹനീയമാണ്. വടക്ക്- തെക്കന്‍മല, പടിഞ്ഞാറ് മണ്ണാര്‍മല, കിഴക്ക് താഴ്‌വാരത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ തീപ്പെട്ടിക്കൂടുകള്‍പോലെ ജനവാസ കേന്ദ്രങ്ങള്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍... അങ്ങ് ദൂരെ തെക്ക് ഭാഗത്ത് ഒരു വെള്ളിനൂല് പോലെ കുന്തിപ്പുഴ.


ആളുനിന്നാല്‍ കാണാത്തത്ര ഉയരത്തിലുള്ള പുല്‍മേടും, ഋതുഭേദങ്ങളാല്‍ വേഗത്തില്‍ മാറുന്ന അന്തരീക്ഷവും ദൂരക്കാഴ്ചയുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാകും.

മലമുകളിലെ 91 ഹെക്ടര്‍ പുല്‍മേട് വനംവകുപ്പിന്‍േറതാണ്. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഈ പ്രദേശത്ത് ഇക്കോ ടൂറിസത്തിന്റെ സാധ്യതകളാരായുകയാണ് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ഉണ്ണികൃഷ്ണനും സംഘവും.

വനംവകുപ്പ് ഏറ്റെടുക്കുന്നതിനുമുമ്പ് കൊടികുത്തിമല ഡി.ടി.പി.സിയുടെ കയ്യിലായിരുന്നു. 1998ല്‍ ഡി.ടി.പി.സി നിര്‍മിച്ച രണ്ട് നിലയുള്ള നാടുകാണി ഗോപുരത്തിന്റെ മുകളില്‍ നിന്നുള്ള കാഴ്ചകളും മനോഹരമാണ്. തുടക്കത്തില്‍ നല്ല രീതിയില്‍ മുന്നോട്ടുപോയെങ്കിലും പിന്നീട് മേല്‍നോട്ടത്തിനാളില്ലാത്ത ഗോപുരം സമൂഹവിരുദ്ധരുടെ കേന്ദ്രമായി.

കെട്ടിടത്തിന്റെ കൈവരികളും ഇടച്ചുമരുകളും തകര്‍ന്നു. പിന്നീട് വനംവകുപ്പിന്റെ ഫോറസ്റ്റ് ഔട്ട് സ്റ്റേഷന്‍ വന്നതിന് ശേഷമാണ് സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിച്ചത്.

ഡി.ടി.പി.സിയുടെ കൈയിലുണ്ടായിരുന്ന സമയത്ത് കൊടികുത്തിമലയുടെ മുകളിലേക്ക് റോഡ് വെട്ടിയിരുന്നു. പെരിന്തല്‍മണ്ണയില്‍നിന്ന് മേലാറ്റൂര്‍ റോഡില്‍ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂര്‍ റോഡ് വഴി ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സണ്‍ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്.

തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റര്‍ ദൂരമാണ് മലമുകളിലേക്ക്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലില്‍നിന്ന് ഗ്രാമഭംഗി ആസ്വദിച്ച് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളിലെത്താം. ഫോര്‍വീലറോ ബൈക്കോ യാത്രയ്ക്ക് ഉണ്ടെങ്കില്‍ സൗകര്യം. ഈ രണ്ട് വഴികൂടാതെ അമ്മിണിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം. പക്ഷേ, ഈ വഴി ഇപ്പോള്‍ ഗതാഗതയോഗ്യമല്ല.

മൂന്ന് വഴികളുടെ സാധ്യതകളും ഉള്‍പ്പെടുത്തിക്കൊണ്ട് മുകളിലേക്കും താഴേക്കുമായി 12 കിലോമീറ്റര്‍ ട്രക്കിങും ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ആദ്യഘട്ടമായി കുട്ടികള്‍ക്കുവേണ്ടി സഹവാസ ക്യാമ്പുകളും പഠനക്ലാസുകളും ഒരുക്കും. ഡി.ടി.പി.സി ഉണ്ടാക്കിയ നാടുകാണി ഗോപുരം അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കും. കൊടികുത്തിമലയുടെ മുകളിലെ ജലദൗര്‍ലഭ്യമാണ് ഏകപ്രശ്‌നം. അത് പരിഹരിക്കാന്‍ മഴവെള്ള സംഭരണിയുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.



ഉപ്പുങ്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലായിരുന്നു കൊടികുത്തിമല. 1971 ല്‍ കേരള സ്വകാര്യ നിക്ഷിപ്തവന നിയമം ഓര്‍ഡിന്‍സായി പുറത്തിറക്കിയപ്പോള്‍ കേരളത്തിലെ സ്വകാര്യ വനങ്ങളെല്ലാം ദേശസാത്കരിക്കപ്പെട്ടു. പലയിടങ്ങളിലും സ്വകാര്യ വനഭൂമികള്‍ വനംവകുപ്പ് ഏറ്റെടുത്തെങ്കിലും കൊടികുത്തിമലയ്ക്ക് മുകളിലെ 91 ഹെക്ടര്‍ പുല്‍മേടിനെക്കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു.

പിന്നീട് ഓര്‍ഡിനന്‍സിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ലെഫ്റ്റ് ഔട്ട് ഏരിയാസിനെ (വിട്ടുപോയ പ്രദേശങ്ങള്‍) കുറിച്ച് അന്വേഷണം തുടങ്ങിയത്. 2001-ലായിരുന്നു അത്. സര്‍വ്വെ നടത്തി തിട്ടപ്പെടുത്താന്‍ സമയമില്ലാത്ത സാഹചര്യത്തില്‍ 40 ഹെക്ടര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. പിന്നീട് സര്‍വ്വെ പൂര്‍ത്തിയായപ്പോഴാണ് അറിയുന്നത് 51 ഹെക്ടര്‍കൂടി ശേഷിക്കുന്നുണ്ടെന്ന്. 2008ല്‍ ശേഷിക്കുന്ന ഭൂമിയും ഏറ്റെടുത്തു.

ഈ വനംഭൂമി ജണ്ട കെട്ടിത്തിരിക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോഴേക്കും അതിര്‍ത്തിതര്‍ക്കവും ഉടമസ്ഥ തര്‍ക്കവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആദ്യം ഭീഷണിയും പിന്നീട് കൈയേറ്റവും തീയിടലും വരെയെത്തി പ്രതിഷേധം. മൊത്തം 33.96 ഹെക്ടര്‍ ഭൂമിക്കായി 24 പേര്‍ നല്‍കിയ പരാതികള്‍ ഇപ്പോള്‍ കോഴിക്കോട് വനം ട്രിബൂണലിന്റെ പരിഗണനയിലാണ്.